Tuesday, December 8, 2009

പാഠപുസ്തകം


എന്‍ പാഠപുസ്തകം
ഞാനെഴുതിടും കാലം
കനവു കാ​ണുന്നു ഞാന്‍.

ഒന്നാം പാഠത്തിലെന്‍
നാമ, മെന്‍ പടം
പാഠം രണ്ടിലമ്മയുമച്ചനും
മൂന്നില്‍ മുത്തശ്ശി
നാലില്‍ മാവേലി
നല്ലൊരോണപ്പാട്ടും.

അഞ്ചിലെന്‍ കിളി കൊഞ്ചും,
ആറിലെന്‍ കളിത്തോഴര്‍
ഏഴാം പാഠമായ് വരും
മഴയും കളിവഞ്ചിയും.
മറക്കാമോ മാടത്തയെ?
പാറട്ടെ പാഠമെട്ടില്‍.

തുമ്പയും തുമ്പിയുമൊമ്പതില്‍
പത്തിലെന്‍ പുളിനെല്ലി.
പിന്നത്തെ പാഠങ്ങളില്‍
പാണ്ടനും കുറുഞ്ഞിയും.

പുറഞ്ചട്ട പൂങ്കോഴിക്ക്
മറുഭാഗം പൂവാലിക്ക്
മുഖമൊഴിയെന്‍ പുഞ്ചിരി
മുത്തശ്ശിക്ക് സമര്‍പ്പണം.

എന്‍ പാഠപുസ്തകം
ഞാനെഴുതിടും കാലം
കനവു കാ​ണുന്നു ഞാന്‍.

ശ്രീജ, പാലക്കാട് പല്ലശ്ശന വി.ഐ.എം.ഹൈസ്കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു.
ഒ.എസ്.എസ്. ടീമിലെ അധ്യാപകന്‍, ശ്രീ. ജയകൃഷ്ണന്‍ (എസ്.ജെ.എച്ച്.എസ്. പുതുക്കോട്) ശ്രീജയുടെ നോട്ടുപുസ്തകത്തില്‍ നിന്നും കണ്ടെത്തി പകര്‍ത്തിയെടുത്തത് അയച്ചുതന്നത് പാലക്കാട് ജില്ലാ ഐടി കോര്‍ഡിനേറ്റര്‍ ശ്രീ. ജയരാജന്‍ സാര്‍.

8 comments :

കാട്ടിപ്പരുത്തി said...

ശ്രീജ ഏതു ക്ലാസില്‍?
നല്ല ഉള്‍കാഴ്ച്ച

Anonymous said...

അത്യുഗ്രൻ, പ്രോൽസാഹിപ്പിക്കുക.

വിജയകുമാർ

കാവാലം ജയകൃഷ്ണന്‍ said...

ശ്രീജ ഏതു ക്ലാസ്സിലാണ് പഠിക്കുന്നതെന്ന് പറഞ്ഞില്ലല്ലോ...

നല്ല കവിത. കുഞ്ഞു മനസ്സുകളില്‍ ഇനിയും നിറയെ കവിതപ്പൂക്കള്‍ വിരിയട്ടെ എന്നാശംസിക്കുന്നു

സ്നേഹപൂര്‍വ്വം

Anonymous said...

ശ്രീജയുടെ കവിഭാവന ഉഗ്രന്‍. കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ധ്യാപകരുടെ ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും.

ഗീതാസുധി said...

ശ്രീജ തനിച്ചാണിതെഴുതിയതെങ്കില്‍, നിസ്സംശയം പറയാം- കൊച്ചു കവയത്രി..
മലയാള കവിതയുടെ ഭാവി കൂമ്പടഞ്ഞെന്നാരാ പറഞ്ഞത്?

Anonymous said...

ശ്രീജ പല്ലശ്ശന ഹൈസ്കൂളില്‍ 8 ല്‍ പഠിക്കുന്നു.

Anonymous said...

നന്നായിരിക്കുന്നു.......

വല്യമ്മായി said...

Wishes and Prayers to Shreeja