Monday, August 23, 2010

കാര്‍ട്ടൂണിസ്റ്റ് സജ്ജീവേട്ടന്‍ ലിംകാബുക്കിലേക്ക്


ബ്ലോഗര്‍മാരുടെ പ്രിയപ്പെട്ട സജ്ജീവേട്ടന്‍ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്ഡിലേക്ക്. ഓണത്തലേന്ന് നാടുമുഴുവന്‍ തിരക്കിലമര്‍ന്നപ്പോള്‍ തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രമുറ്റത്ത് ഒരു റെക്കോര്‍ഡിലേക്കുള്ള ഉത്രാടപ്പാച്ചിലിലായിരുന്നു കാര്‍ട്ടൂണിസ്റ്റ് സജ്ജീവ്കുമാര്‍. 12 മണിക്കൂര്‍ കൊണ്ട് ആയിരം കാരിക്കേച്ചറുകള്‍ പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെ മഷിയുണങ്ങാത്ത പേനയും തളരാത്ത ശരീരവുമായി സജ്ജീവ്, മുന്നിലെത്തുന്നവരെയെല്ലാം വരച്ചുകൊണ്ടേയിരുന്നു.

ഒടുവില്‍ ഉദ്ദേശിച്ച എണ്ണത്തിലെത്താനായില്ലെങ്കിലും 651-ാമത്തെ കാരിക്കേച്ചറായി ഗായിക കൂടിയായ ഭാര്യ ലേഖ ആര്‍.നായരുടെ കാരിക്കേച്ചര്‍ വരച്ച് നിര്‍ത്തുമ്പോള്‍ സജ്ജീവിന്റെ മുഖത്ത്ശരീരത്തേക്കാള്‍ വലിയ ചിരി. 120 കിലോഗ്രാം തൂക്കമുള്ള സജ്ജീവ്, 'ഫാറ്റ് കാര്‍ട്ടൂണിസ്റ്റെ'ന്ന വിളിപ്പേരിനൊപ്പം 'ഫാസ്റ്റ് കാര്‍ട്ടൂണിസ്റ്റു'കൂടിയാകാനുള്ള ശ്രമമാണ് നടത്തിയത്. 'ഉത്രാടപ്പാച്ചില്‍' എന്നുപേരിട്ട പരിപാടിയുടെ സംഘാടകര്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയായിരുന്നു. രാവിലെ 7.45നാണ് സജ്ജീവ് കാരിക്കേച്ചര്‍ യജ്ഞം ആരംഭിച്ചത്.

ഒമ്പതു വയസ്സുകാരനായ മകന്‍ സിദ്ധാര്‍ഥിന്റെ കാരിക്കേച്ചറാണ് ആദ്യം വരച്ചത്. പിന്നീടുള്ള മണിക്കൂറുകളില്‍ ഉത്രാടം നാളില്‍ വാമനമൂര്‍ത്തിയെ തൊഴാനെത്തിയ നൂറുകണക്കിനാളുകള്‍ക്കൊപ്പം രാഷ്ട്രീയ നേതാക്കളായ കെ.ബാബു എംഎല്‍എ, ബെന്നി ബഹ്‌നാന്‍, കാര്‍ട്ടൂണിസ്റ്റ്കൂടിയായ എം.എം.മോനായി എംഎല്‍എ, ചാള്‍സ് ഡയസ് എംപി, സിനിമാതാരങ്ങളായ ജനാര്‍ദനന്‍, വിനുമോഹന്‍, ഗോവിന്ദന്‍കുട്ടി തുടങ്ങിയവര്‍ കാരിക്കേച്ചറുകളിലെ കഥാപാത്രങ്ങളായി. രാത്രി 7.45നാണ് അവസാനത്തെ കാരിക്കേച്ചര്‍ വരച്ചത്. ഒരുദിവസത്തിന്റെ പകുതിയോളം നീണ്ട ഈ യജ്ഞം ഒറ്റയിരിപ്പിലാണ് സജ്ജീവ് പൂര്‍ത്തിയാക്കിയത്. ഇടയ്ക്ക് ഭക്ഷണം കഴിക്കാനോ മൂത്രമൊഴിക്കാനോ പോലും എഴുന്നേറ്റില്ല. ഇടയ്ക്കുള്ള നിമിഷങ്ങളുടെ ഇടവേളകളില്‍ കരിക്കിന്‍വെള്ളം മാത്രം കുടിച്ചു.

നിമിഷങ്ങള്‍ കൊണ്ടാണ് മുന്നിലിരുന്ന ഓരോരുത്തരുടേയും കാരിക്കേച്ചര്‍ സജ്ജീവ് പൂര്‍ത്തിയാക്കിയത്. സാധാരണ കാരിക്കേച്ചറുകളില്‍ നിന്ന് വ്യത്യസ്തമായ മുഖത്തിനൊപ്പം ഉടല്‍ കൂടി സജ്ജീവ് വരച്ചു.

തൃക്കാക്കര പകല്‍പ്പൂരം കാണാനെത്തിയവരുടെ കൈകളില്‍ സജ്ജീവ് വരച്ചുനല്‍കിയ, സ്വന്തം മുഖങ്ങളുണ്ടായിരുന്നു. ആയിരം കാരിക്കേച്ചറുകള്‍ പൂര്‍ത്തിയാക്കാനായില്ലെങ്കിലും സജ്ജീവിന്റെ നേട്ടം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്ന് കാര്‍ട്ടൂണ്‍ അക്കാദമി പ്രസിഡന്റ് പി.പ്രസന്നന്‍ ആനിക്കാട് അറിയിച്ചു.ഇങ്ങനെയൊരു ഉദ്യമത്തില്‍ ഇതുവരെ ലിംക റെക്കോഡ് ഉള്ളതായി അറിയില്ല. അതുകൊണ്ട് ആയിരമെണ്ണം തികച്ചില്ലെങ്കിലും അത് റെക്കോഡിന് പരിഗണിക്കപ്പെട്ടേക്കാം-അദ്ദേഹം പറഞ്ഞു.

കടപ്പാട് : മാതൃഭൂമി

Friday, August 6, 2010

ലക്ഷദ്വീപില്‍ നിന്നും ഒരുകവിത


മലയാളം, തമിഴ്, അറബ്, ഹിന്ദി എന്നീ ഭാഷകളുടെ ഒരു മിശ്രിതമാണ് ജസരി ‌. ഈ ഭാഷ സംസാരിക്കുന്ന നാട്ടുകാരാണ് ലക്ഷദ്വീപുകാര്‍. കേരള സിലബസ് പിന്തുടരുന്ന ദ്വീപുകളില്‍ മലയാള പാഠാവലി മാത്രമാണ് ഒരു വിദ്യാര്‍ത്ഥിയില്‍ സാഹിത്യപരമായ കഴിവു വര്‍ദ്ധിപ്പിക്കാനുള്ള ഏക ഉപാധിയായി കാണുന്നത്. കേരളക്കരയില്‍ മാത്രമല്ല ലോകമെങ്ങും ദിവസേന വായിക്കുന്ന ദിനപത്രങ്ങള്‍ ദ്വീപില്‍ കിട്ടുന്നത് 15 ദിവസത്തിലൊരിക്കല്‍ ഇവിടെ എത്തുന്ന കപ്പലുകളിലാണ് !!!!! പത്തു ദ്വീപുകളാണ് ലക്ഷദ്വീപില്‍ വാസയോഗ്യമായുള്ളത്. വെള്ളി അവധി ദിവസമാണ്. ഞായറാഴ്ച ഉച്ച വരെ പ്രവര്‍ത്തിക്കണം. മറ്റു ദിവസങ്ങളില്‍ സ്ക്കൂള്‍ സമയം രാവിലെ 10 മുതല്‍ 8.30 വരെ. 8 പിരീഡുകളാണ് ഒരു ദിവസം. പത്തു ക്ലസ്റ്ററുകളാണ് ലക്ഷദ്വീപിലുള്ളത്. ജസരി ഭാഷ സംസാരിക്കുന്ന നാട്ടില്‍ നിന്നും മലയാളത്തോട് താല്പര്യം തോന്നിയ ദ്വീപിലെ ഒരു ഒന്‍പതാം ക്ലാസുകാരി സബീനാ ബീഗം ഒരു കവിതയെഴുതി. ഒരു ഗണിത കവിത. അത് ചുവടെ കൊടുത്തിരിക്കുന്നു.