Friday, November 27, 2009

നീ നിന്റെ വില മറന്നിരിക്കുന്നു



നിന്നെ കാണുമ്പോഴെല്ലാം
എന്നോട് ചേര്‍ക്കാനൊരു മോഹം..
നിന്‍റെ ചിത്രമാകട്ടെ, ഓര്‍മ്മയാകട്ടെ
ഒരഭിനിവേശമാണെനിക്കുള്ളില്‍


നിന്നെക്കുറിച്ച് കേള്‍ക്കുമ്പോഴെല്ലാം
നെഞ്ചിലൊരു നോവലും
ഒരു പിടയ്ക്കലും ഒരു തുടിയ്ക്കലും;
നീയെത്ര ഹൃദ്യമാണെനിക്കോര്‍ക്കുക


നിന്നെയെന്റെ നെഞ്ചോട് ചേര്‍ക്കാന്‍
കൊതിച്ച് കൈ നീട്ടുമ്പോഴേക്കും
നീയെനെക്കെത്താ ദൂരത്തേക്ക് പായുന്നത്
വേദനയോടെ ഞാന്‍ കാണുന്നു.


നിന്നെ കൊതിച്ചിരുന്ന്, നിന്നെ കാത്തിരുന്ന്
ഇവര്‍ക്ക് നഷ്ടമായത് സ്വന്തം ജീവിതമാണ്
അഹങ്കാരിയായ സ്വര്‍ണ്ണമേ നീയും
നിന്‍റെ പഴയകാലത്തെ വിസ്മരിച്ചിരിക്കുന്നു..


-ലക്ഷ്മി, പുഴക്കരേടത്ത്

Thursday, November 19, 2009

'പൊട്ടക്കുട'ത്തിനൊരു പൊട്ട്!



മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'ചോക്കുപൊടി' എന്ന സ്ഥിരം പംക്തി കണ്ടിട്ടില്ലേ? അധ്യാപകര്‍ക്ക് അവരുടെ അവിസ്മരണീയ അനുഭവങ്ങള്‍ പങ്കുവെയ്കുവാനുള്ള ഒരു വേദിയാണത്. അതുപോലൊന്ന് നമുക്കുമായാലെന്താ..?ബ്ലോഗ് ടീമിലെ നിസാര്‍ മാഷ്, അദ്ദേഹത്തിന് കഴിഞ്ഞദിവസമുണ്ടായ ഒരു ക്ലാസ്സ്റൂം അനുഭവം വിവരിക്കുകയാണ് താഴെ . ഇതിനേക്കാള്‍ മികച്ച അനുഭവങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടെ മനസ്സിലേക്കുവരും!മടിക്കാതെ മെയില്‍ ചെയ്യുകയോ, തപാലില്‍ അയക്കുകയോ ചെയ്യുക.ആഴ്ചയില്‍ ഒന്നു വീതമെങ്കിലും പ്രസിദ്ധീകരിക്കണമെന്നാണാഗ്രഹം. ഇമെയില്‍ : mathsekm@gmail.com പോസ്റ്റല്‍ വിലാസം : എഡിറ്റര്‍, ബ്ലോഗ് വിശേഷം, എടവനക്കാട് ,എറണാകുളം 682502 .
ഇനി വായിച്ചോളൂ...


എട്ടാം ക്ലാസ്സ് സി ഡിവിഷനിലേക്ക് കഴിഞ്ഞ ദിവസം എട്ടാമത്തെ പിരീഡ് കയറിച്ചെന്നത് 'പണവിനിമയം' എന്ന യൂണിറ്റിന്റെ അവസാന ഭാഗം എടുത്തുതീര്‍ക്കാമെന്നു കരുതിയാണ്. A=P(1+r/100)n എന്ന സൂത്രവാക്യം ഉപയോഗിച്ചു മറ്റു ചില പ്രായോഗിക പ്രശ്നങ്ങളുടെ നിര്‍ദ്ധാരണമാണ് വിഷയം. ജനസംഖ്യ ഒരു നിശ്ചിത ശതമാനം വര്‍ദ്ധിച്ചു കൊണ്ടിരുന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം അതെത്രയായി വര്‍ദ്ധിക്കുമെന്നുകാണാന്‍ ഈ സൂത്രവാക്യം ഉപകാരപ്രദമാണെന്നു കാണിക്കാനായി പതിവുപോലെ കഥ തുടങ്ങി. ആസ്ത്രേലിയയിലുള്ള ഒരു കൊച്ചു ദ്വീപിലെ ഇപ്പോഴത്തെ ജനസംഖ്യ ഏകദേശം രണ്ടായിരമാണെന്നും, എന്നാല്‍ പ്രതിവര്‍ഷം നാലുശതമാനം വെച്ചു വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞുവെച്ചു. രണ്ടുവര്‍ഷത്തിനു ശേഷം അവിടുത്തെ ജനസംഖ്യ എത്രയായിരിക്കുമെന്നു കണ്ടുപിടിക്കുന്നതിലൂടെ ഈ സൂത്രവാക്യത്തിന്റെ ഉപയോഗം അവതരിപ്പിക്കാമെന്നായിരുന്നു കണക്കു കൂട്ടല്‍. രണ്ടായിരം പേര്‍ തന്നെ തിങ്ങി താമസിക്കുന്നതിനാല്‍ ഇനിയൊരു കാര്യമായ വര്‍ദ്ധനവ് താങ്ങാന്‍ അവര്‍ക്കാവില്ലെന്നും വെച്ചുകാച്ചി!

'വിശ്വമാനവന്‍ ' എന്ന സങ്കല്പം രൂപപ്പെടുത്തിയെടുക്കാന്‍ പറ്റിയ സന്ദര്‍ഭം ഉരുത്തിരിയുന്നത് ഉള്‍പുളകത്തോടെ മനസ്സിലാക്കിയതോടെ ജനസംഖ്യാവര്‍ദ്ധനവിന്റെ കാരണങ്ങളിലേക്കായി ചര്‍ച്ചയുടെ പോക്ക്. 'ലോക മുത്തച്ഛന്‍ മുത്തശ്ശി ദിനം' കഴിഞ്ഞുള്ള തൊട്ടടുത്ത ദിനങ്ങളിലൊന്നായതിനാല്‍ 'ജനനനിയന്ത്രണ'ത്തേക്കാള്‍ 'കുറഞ്ഞ മരണനിരക്കി'ന് ചര്‍ച്ചയില്‍ പ്രാമുഖ്യം കൈവന്നത് സ്വാഭാവികം. എണ്‍പതും തൊണ്ണൂറും വയസ്സായ അപ്പൂപ്പന്‍മാരും അമ്മൂമ്മമാരും ചുറുചുറുക്കോടെ പൂലിപോലെ ഓടിനടക്കുകയാണവിടെയെന്നു പറഞ്ഞുതീര്‍ന്നതും ക്ലാസ്സില്‍ കൂട്ടച്ചിരിയുയര്‍ന്നു.ക്ലാസ്സിലെ പതിവ് കുസൃതിയായ അനൂപിന്റെ കമന്റാണ് ചിരിയുണര്‍ത്തിയത്. "വയസ്സന്‍മാരെയൊക്കെയങ്ങ് തട്ടിക്കളഞ്ഞാല്‍ പോരേ?"
ചിരിയില്‍ പതിവുപോലെ പങ്കുചേരാന്‍ ഞാന്‍ കൂട്ടാക്കാഞ്ഞതിനാലാകണം അതിന് അധികം ആയുസ്സില്ലാതെ പോയത്.
ദൈവമേ, പുതിയ തലമുറയുടെ വയസ്സരോടുള്ള മനോഭാവം ഇങ്ങനെയൊക്കെയാണോ?
വീണ്ടും 'വിശ്വമാനവന്‍!'വിട്ടുകളയാന്‍ പറ്റില്ലല്ലോ? തകഴിയുടെ 'തഹസില്‍ദാരുടെ അച്ഛനും' പേരോര്‍ക്കാത്ത മറ്റുചില കഥകളും ഓര്‍മ്മയിലേക്ക് തികട്ടിവരാന്‍ തുടങ്ങി. അവയൊക്കെ അരിഞ്ഞിട്ട ഒരവിയല്‍ കഥയിലൂടെ ക്ലാസ്സ് നീങ്ങാന്‍ തുടങ്ങി....
വേലായുധന്‍ ചേട്ടന് വേലികെട്ടാണ് ജോലി. തന്റെ ചെറ്റപ്പുരയില്‍ ഒരുവശം തളര്‍ന്നുകിടക്കുന്ന ഭാര്യ മീനാക്ഷിക്കും ഏകമകന്‍ നാലാം ക്ലാസ്സുകാരന്‍ പ്രകാശനുമൊപ്പം അരിഷ്ടിച്ചുള്ള ജീവിതം. കിട്ടുന്ന കൂലിയില്‍ പാതിയും മീനാക്ഷിക്കുള്ള മരുന്നുകളും കുഴമ്പുകളുമായി തീരും. ഒരു നേരത്തെ കഞ്ഞിയിലൊതുങ്ങുന്ന പ്രകാശന്റെ ബാല്യത്തിലെ രുചികരമായ ഓര്‍മ്മ എന്നും വൈകീട്ട് അച്ഛന്റെ മുണ്ടിന്‍കോന്തലയില്‍ കടലാസുപൊതിയിലൊളിപ്പിച്ച എണ്ണമയമുള്ള സ്നേഹംവഴിയുന്ന പഴംപൊരി, അല്ലെങ്കില്‍ ഉഴുന്നുവടയായിരുന്നു.മുണ്ടുമുറുക്കിയുടുത്ത് വിശപ്പിനെ തോല്പിക്കുമ്പോഴും മകന്റെ വയറെപ്പോഴും നിറഞ്ഞിരിക്കണമെന്ന് വാശിയുള്ള സ്നേഹനിധിയായ അച്ഛന്‍!

ക്ലാസ്സ് പതുക്കെ കഥയില്‍ ലയിച്ചു തുടങ്ങി. കഥയുടെ രണ്ടാം ഭാഗത്തിലേക്ക് കടന്നു.

ഇന്ന്, പ്രകാശന്‍ സിവില്‍ സപ്ലൈസ് വകുപ്പിലെ ഒരു ഗുമസ്തന്‍. ഉദ്യോഗസ്ഥയായ ഭാര്യ സുജാതയ്കും ഏകമകന്‍ എല്‍.കെ.ജിക്കാരന്‍ അരുണിനുമൊപ്പം പുതിയ വീട്ടില്‍ സുഖവാസം. ക്ഷയരോഗിയായ അച്ഛന്‍ വേലായുധന് എണ്‍പതുകഴിഞ്ഞു. കണ്ണിനും കാതിനും വേണ്ടത്ര സൂക്ഷ്മത പോരാ. ചുക്കിച്ചുളിഞ്ഞ ഒരു വികൃത രൂപം! വീട്ടില്‍ വരുന്ന തന്റെ സഹപ്രവര്‍ത്തകരില്‍ നിന്നും അത് മറയ്കാന്‍ പ്രകാശന്‍ കണ്ടെത്തിയ മാര്‍ഗ്ഗം അച്ഛനെ വിറകുപുരയുടെ മൂലയില്‍ കീറപ്പായയില്‍ തളയ്കുകയായിരുന്നു. ഞളുങ്ങിയ ഒരു അലൂമിനിയപ്പാത്രത്തില്‍ കഞ്ഞി രണ്ടുനേരം സുജാത കൃത്യമായി വിറകുപുരയുടെ തറയിലൂടെ നിരക്കിനീക്കാറുണ്ടായിരുന്നു. ഒരുദിവസം കഞ്ഞിപ്പാത്രം തിരികെയെടുക്കാനാഞ്ഞ സുജാതയുടെ ആനന്ദാശ്രുക്കളോടെയുള്ള നിലവിളിയായി വേലികെട്ടുകാരന്‍ വേലായുധന്‍ എരിഞ്ഞടങ്ങി.

ക്ളാസ്സ് പരിപൂര്‍ണ്ണ നിശബ്ധം. കുട്ടികളുടെ കണ്ണുകളില്‍ വേലായുധനപ്പൂപ്പന്റെ ദൈന്യതയുടെ തിരയിളക്കം!

പ്രകാശന്റെ മകന്‍ അരുണ്‍ ആ വിലപിടിച്ച അലൂമിനിയപ്പാത്രം കഴുകി ഷോകേസില്‍ വെച്ചതെന്തിനെന്നുള്ള പ്രകാശന്റെ ചോദ്യത്തിന്, 'വയസ്സാകുമ്പോള്‍ അച്ഛന് കഞ്ഞിതരണ്ടായോ..?'യെന്ന അവന്റെ നിഷ്കളങ്കമായ മറുചോദ്യത്തോടെ കഥയവസാനിപ്പിക്കുമ്പോഴേക്കും ബെല്ലടിച്ചിരുന്നു.

സാധാരണ ബെല്ലടിക്കുമ്പോഴേക്കും ആരവങ്ങളോടെ പുറത്തേക്കുചാടുമായിരുന്ന കുട്ടികളാരും അനങ്ങുന്നില്ല. കഥ ഏറ്റിരിക്കുന്നു! പോകുന്നതിനു മുന്‍പായി, ആരുടെയൊക്കെ വീട്ടില്‍ അപ്പൂപ്പനോ അമ്മൂമ്മയോ ഉണ്ടെന്നുള്ള ചോദ്യത്തിനുത്തരമായി പത്തുപതിനഞ്ചു പേരോളം എഴുന്നേറ്റു നിന്നു.പ്രായമേറുന്തോറും അവര്‍ കൊച്ചുകുട്ടികളെപ്പോലെയാകുമെന്നും, വീട്ടില്‍ ചെന്നാല്‍ ആദ്യം തന്നെ അവരെയൊന്ന് ആശ്ലേഷിക്കാനും കൊഞ്ചിക്കാനുമുണര്‍ത്തിക്കൊണ്ടാണ് സ്റ്റാഫ് റൂമിലേക്ക് നടന്നത്.
പീറ്റേ ദിവസം ക്ലാസ്സില്‍ ചെന്നപാടേ ശ്രദ്ധിച്ചത്, സ്ഥിരം മിണ്ടാപ്പൂച്ചയായ നീതുമോളുടെ മുഖത്തെ അരുണിമയാണ്. അവള്‍ക്കെന്തോ പറയണമെന്നുണ്ടെന്ന് മുഖലക്ഷണത്തില്‍ നിന്നും മനസ്സിലാക്കിയ എന്റെ പ്രോത്സാഹനം ഫലിച്ചു.
അഭിമാനത്താല്‍ തലയുയര്‍ത്തി അവള്‍ പറഞ്ഞൊപ്പിച്ചു. "ഇന്നലെ ഞാന്‍ എന്റെ അമ്മൂമ്മയ്ക് പൊട്ടുകുത്തിക്കൊടുത്തല്ലോ......!"

Friday, November 13, 2009

ഉത്തരക്കടലാസിലെ തമാശകള്‍

X കണ്ടെത്തുകയെന്ന് ചോദ്യം. x കുട്ടി കണ്ടുപിടിച്ച് കാട്ടിക്കൊടുക്കുന്നു.

ഈ ചോദ്യം Solve ചെയ്തതു നോക്കൂ...

പീറ്റര്‍ (a+b)n Expand ചെയ്തത് നോക്കൂ.



സ്വയം സംസാരിക്കുന്ന ഈ ചിത്രങ്ങള്‍ അയച്ചുതന്നത് മലപ്പുറം വണ്ടൂരില്‍ നിന്നും ടി.പി. നൗഷാദലി മാഷ്...