Saturday, September 18, 2010

എഡിറ്റിങ് മികവോടെ ഒന്‍പതാംക്ലാസുകാരന്‍


ആദ്യം താഴേയുള്ള വീഡിയോ ഒന്നു കാണൂ..എന്നിട്ടാകാം ബാക്കി വിശേഷങ്ങള്‍.



ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ വേള്‍ഡ് കപ്പ് ഫുട്ബോളിന്റെ പ്രധാന ആകര്‍ഷമമായി മാറിയ ഷാക്കിറയുടെ ഈ ഗാനവും അതിന്റെ വീഡിയോയും കാണാത്തവരുണ്ടാകുമോ? ഗാനം അതുതന്നെ, എന്നാല്‍ വീഡിയോ തനി കേരളീയം. അഭിനയിക്കുന്നതോ, പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള സ്കൂള്‍ കുട്ടികളും!
എങ്ങിനെയുണ്ട്? ഏതോ പ്രൊഫണല്‍ വീഡിയോഗ്രഫര്‍ പടച്ചുവിട്ട സൂപ്പര്‍ സാധനം, അല്ലേ? എങ്കില്‍ തെറ്റി!
എറണാകുളം വൈപ്പിന്‍ ദ്വീപിലെ ലേഡി ഓഫ് ഹോപ് ആംഗ്ലോ ഇന്ത്യന്‍ ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ്സുകാരന്‍ അനന്തപത്മനാഭനാണ് ഈ വീഡിയോവിന്റെ സൂത്രധാരന്‍. ഏഴാം ക്ലാസ് മുതല്‍ തന്നെ, വീഡിയോ എഡിറ്റിങ്ങില്‍ കമ്പം കയറി, തന്റെ പ്രിയ അനുജത്തി ഐശ്വര്യയേയും കളിക്കൂട്ടുകാരെയും സംഘടിപ്പിച്ച് പഴയ ബാലചന്ദ്രമേനോനെ അനുസ്മരിപ്പിക്കും വിധം രചന മുതല്‍ സംവിധാനം വരെ ഒറ്റക്കു നിര്‍വ്വഹിച്ച് ധാരാളം ആല്‍ബങ്ങള്‍ പടച്ചുവിട്ടുകഴിഞ്ഞു, ഈ കൊച്ചു മിടുക്കന്‍.

ഞങ്ങളുടെ സുഹൃത്തും എളങ്കന്നപ്പുഴ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ എസ്.ഐ.ടി.സി യുമായ രജിത ടീച്ചറിന്റെയും ഇന്റീരിയര്‍ ഡിസൈനറായ വിജയന്‍ സാറിന്റേയും മകനാണ് അനന്തന്‍. ഒരുപാട് തൊഴിലവസരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ മേഖലയിലേക്ക് അല്പം പ്രചോദനം 'കുട്ടി പ്രതിഭകളെ' തെല്ലൊന്നുമല്ല ആകര്‍ഷിക്കുക. വീഡിയോ ഓഡിയോ എഡിറ്റിങ്ങുകളൊക്കെ കുറേശ്ശെ ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ തന്നെ പഠിപ്പിച്ചുതുടങ്ങുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു.
പിന്‍കുറി
മകന്റെ പ്രതിഭയെ എത്ര അഭിനന്ദിച്ചിച്ചും മുഖം തെളിയാതിരുന്ന രജിത ടീച്ചര്‍ കാരണവും വ്യക്തമാക്കി. ഇങ്ങനെ കളിച്ചു നടന്ന് എസ്.എസ്.എല്‍.സിക്ക് ഗ്രേഡ് കുറയുമോയെന്നാണ് ടീച്ചറുടെ പേടി. എങ്കില്‍, "അവന്റെ പ്രതിഭ അളക്കാന്‍ കഴിയാതെ പോയ എസ്.എസ്.എല്‍.സിക്കാണ് തെറ്റുപറ്റുകയെന്ന" എന്റെ പ്രതികരണത്തിനു നേരെ അവിശ്വസനീയതയോടെയുള്ള ടീച്ചറുടെ നോട്ടം ഇപ്പോഴും കണ്‍മുന്നിലുണ്ട്.

Friday, September 10, 2010

കമന്റുകള്‍ ഓട്ടോ ഡിലീറ്റാകുന്നുണ്ടോ?

ഗൂഗിളിനിതെന്തു പറ്റി? ഈയിടെയായി കഷ്ടപ്പെട്ട് ഇരുന്ന് കമന്റ് ചെയ്ത പലരുടേയും കമന്റുകള്‍‌ സേവാകാതെ ഡിലീറ്റായിപ്പോകുന്നു. ഒട്ടേറെ പേര്‍ കമന്റ് ചെയ്തെങ്കിലും ആ കമന്റുകളെല്ലാം ഓട്ടോമാറ്റിക്കായി ഡിലീറ്റാകുന്നു. പലരും ഫോണില്‍ വിളിച്ചു നോക്കിയപ്പോഴാണ് ഞങ്ങളൊന്ന് ശ്രമിച്ചു നോക്കിയത്. ഇത്തരമൊരു പ്രശ്നം പൊതുവാണോയെന്നറിയാനാണ് ഈ പോസ്റ്റ്. നിങ്ങള്‍ക്ക് ഈ പ്രശ്നം ഈയിടെ അനുഭവപ്പെട്ടിട്ടുണ്ടോ? നിങ്ങളുടെ ബ്ലോഗില്‍ കമന്റുകള്‍ നഷ്ടപ്പെടുന്നുണ്ടോ? ജൂലൈ മാസത്തില്‍ ഇത്തരമൊരു പ്രശ്നമുണ്ടായിരുന്നുവെങ്കിലും ഇടയ്ക്കത് പരിഹരിക്കപ്പെട്ടതാണ്. ഇടപെടുമല്ലോ?