Monday, February 22, 2010

ഭാഗ്യവാന്‍



എനിക്ക് ലഭിക്കാത്തതൊന്നും നിനക്ക്‌ ലഭിച്ചില്ല.
എനിക്ക് ലഭിച്ചതുപോലും നിനക്ക്‌ ലഭിച്ചില്ല.
എന്നിട്ടും നീയെത്രയോ ഭാഗ്യവാന്‍
ഞാന്‍ എത്രയോ നിര്‍ഭാഗ്യവാന്‍
ജീവിതത്തില്‍ എപ്പോഴും
നീയെന്‍റെ പിന്നാലെയുണ്ടായിരുന്നു
ഞാന്‍ കരയുമ്പോള്‍ നീയും കരഞ്ഞു.
ഞാന്‍ അനുഭവിച്ച ദാരിദ്ര്യം നീ
അറിഞ്ഞിരുന്നോ;
അറിയില്ല, പക്ഷെ...
എന്‍റെ മുഖം തളര്‍ന്നപ്പോള്‍
നിന്നിലും ഞാനത് കണ്ടു.
ഞാനെപ്പോഴും നിനക്ക്‌
വഴികാട്ടിയായിരുന്നു.
വേണ്ടെന്നു പറഞ്ഞിട്ടും
കല്ലും മുള്ളും നിറഞ്ഞ വഴികളില്‍
നീയും എന്നോടുകൂടെ വന്നു.
ജീവിതത്തില്‍ ഞാന്‍ ദുഃഖത്തിന്‍റെ
പലനിറങ്ങള്‍ ധരിച്ചു.
പക്ഷെ, ആ യാതനകള്‍ നിന്നില്‍ ഞാന്‍ ദര്‍ശിച്ചില്ല.
മൂകനും ബധിരനുമായ നീ ഞാന്‍ ശ്രവിച്ച
ദുസ്സഹ വാക്കുകള്‍ കേള്‍ക്കുകയോ
ഞാന്‍ പറഞ്ഞ നൊമ്പരങ്ങള്‍
പറയുകയോ ചെയ്തില്ല.
നിനക്കെന്തോ ഇരുട്ടിനെ ഭയമായിരുന്നു.
നിശീഥിനിയുടെ നീലപുതച്ച ദിനങ്ങളില്‍
അവ്യക്തമായി മാത്രമേ
ഞാന്‍ നിന്നെ കണ്ടിട്ടുള്ളൂ.
എന്നിട്ടും നീ ഭാഗ്യവാന്‍
ഞാന്‍ നിര്‍ഭാഗ്യവാന്‍.
ഞാനൊരു ഭൗതിക ശരീരം മാത്രമായപ്പോള്‍
നീയും മാഞ്ഞുപോയി.
എന്നോടോപ്പമല്ലാതെ നീ
തനിയെ ഒന്നും ചെയ്തില്ല.
മരണത്തില്‍ ഞാന്‍ നിനക്ക്‌ കൂടെയുണ്ടായിരുന്നു.
നീയെന്‍ നിഴല്‍ മാത്രമായിരുന്നു.
നീ എത്രയോ ഭാഗ്യവാന്‍.

(ജമീമ സിദ്ദിഖ് , ഒന്‍പതാം തരം ബി, ജി.എച്ച്.എസ്‌.എസ്. ഇരിങ്ങല്ലൂര്‍, പാലാഴി)

4 comments :

മുഫാദ്‌/\mufad said...

കൂടെ നടക്കുന്ന നിഴലിന്റെ നൊമ്പരങ്ങള്‍ നന്നായി വരച്ചു വെച്ചു.വാക്കുകളുടെ വഴികളില്‍ ഒരു നല്ല ഭാവി ആശംസിക്കുന്നു.

Unknown said...

അക്ഷരകൂട്ടുകള്‍ നിറഞ്ഞ ഒരു നല്ല ലോകം ആശംസിക്കുന്നു.

ജീവി കരിവെള്ളൂർ said...

ആശംസകള്‍ ... ഇനിയും ധാരാളം എഴുതുവാന്‍ ഭാഗ്യമുണ്ടാകട്ടെ..

Hari | (Maths) said...

നല്ല കവിത. അഭിനന്ദനങ്ങള്‍